തളിപ്പറമ്പിന്റെ ചരിത്രം
സമ്പന്നമായ ഒരു പൗരാണിക ചരിത്രം ഉറങ്ങിക്കിടക്കുന്ന ഒരു പ്രദേശമാണ് തളിപ്പറമ്പ്, ശിലായുഗം മുതൽ ആധുനീക കാലം വരെ പടർന്നു കിടക്കുന്ന ചരിത്രത്തിൻ്റെ പല അവശിഷ്ട അതും ഇവിടെ ദൃശ്യമാണ്. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും നവശിലായുഗ (Neolithic age) സാംസ്‌കാരിക അവശിഷ്ട്‌ടങ്ങൾ കണ്ടെത്തിയതായി ചരിത്ര അന്വേഷകനായ ലോഗൻ പ്രഖ്യാ 'മലബാർ മാന്വൽ' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാറയിൽ തീർത്ത ഗുഹകളെയാണ് (rock of caves) തന്റെ പുസ്‌തകത്തിൽ പരാമർശിച്ചിട്ടുളളത്.ഒരു ജനവാസകേന്ദ്രമെന്ന നിലക്ക് തളിപ്പറമ്പിന് ചരിത്രാതീത കാലത്തെ പഴക്കം അവകാശപ്പെടാവുന്നതാണ്.
തളിപ്പറമ്പെന്ന പദത്തിൻ്റെ ഉല്‌പത്തിയെക്കുറിച്ച് പല സങ്കല്‌പങ്ങളും ഉണ്ട്. ചെല്ലൂര്, പെരിഞ്ചെല്ലൂര്, ലക്ഷമിപുരം, ഈശ്വരവിലാസം. കൊട്ടുമ്പുറം, തളികവട്ടപറമ്പ് എന്നീ നാമങ്ങളിൽ പുരാതനകാലത്ത് ഈ നാട് അറിയപ്പെട്ടതായി ചരിത്രങ്ങളിൽ രേഖപ്പെട്ടുകിടക്കുകയാണ്. പെരുമാക്കന്മാരുടെ കീഴിൽ ഭരണം നടത്തിയിരുന്ന തളിയധികാരികൾ നിവസിക്കുന്ന സ്ഥലമായ തളി നിൽക്കുന്ന ഭൂവിഭാഗമാണ് തളിപ്പറമ്പെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. സുപ്രസിദ്ധ ചരിത്രകാരൻ ശ്രീ.കെ.വി. കൃഷ്‌ണയ്യർ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യകാലത്ത് തളിയെ ന്നാൽ ശിവക്ഷേത്രം എന്നാണ് സങ്കല്‌പിക്കപ്പെട്ടിരുന്നത്. ശിവക്ഷേത്രം (തളി) സ്ഥിതിചെയ്യുന്ന പറമ്പ്), ദേശം, തളിപ്പറമ്പ കേരളത്തിലെ സൂപ്രസിദ്ധങ്ങളായ 18 തളികളിൽ പ്രധാനപ്പെട്ട തളിയാണ് തളിപ്പറമ്പ്. കോലവംശരാജാക്കന്മാർ ദർശനത്തിനുവേണ്ടി നിർമ്മിച്ച ശിവ(തളി) നിൽക്കുന്ന സ്ഥലമാണ് തളിപ്പറമ്പ ആയതെന്ന് ശ്രീ വടക്കുംകൂറും അഭിപ്രായപ്പെടുന്നു. വേറൊരു ഐതിഹ്യം വിശ്വകർമ്മാവ് സൂര്യരേണുക്കൾ ഉപയോഗിച്ച് 3 വിഗ്രഹങ്ങൾ നിർമ്മിച്ച് പരമേശ്വരന് നൽകി അത് ശ്രീ പാർവ്വതി പൂജിച്ച് വരികയും സ്വഭക്തന്മാർ തത്രൂപാ ചൈത്യമുള്ള ബിംബങ്ങൾ കൊണ്ടു വന്ന് തളികവട്ടപ്പറമ്പ് എന്ന സ്ഥലത്ത് പ്രതിഷ്‌ഠിച്ചു. തളികവട്ടപ്പറമ്പ് ലോപിച്ചാണ് തളിപ്പറമ്പായത്.
തളിപ്പറമ്പിന്റെ ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ് ശ്രീരാജരാജേശ്വരക്ഷേത്രം. അതിപുരാതനമായ ഈ ക്ഷേത്ര ചരിത്രത്തെക്കുറിച്ച് പല അഭിപ്രായങ്ങള ങ്ങളും രേഖപ്പെടു ത്തിയിട്ടുണ്ട്. സംഘകാലത്ത് ശേഷം അധികാരത്തിൽ വന്ന കോലത്തിരി രാജവംശത്തെ ശതസോമരാജാവാണ് ഈ ക്ഷേത്രത്തിൻ്റെ സ്ഥാപകനെന്നാണ് ‘ചെല്ലൂർ നാമോദയം’ എന്ന ഭാഷാ ചമ്പുവിൽ പ്രതിപാദിച്ചിരിക്കുന്നത്. കാഞ്ഞിരങ്ങാട്ടെ ശ്രീ വൈദ്യനാഥ ക്ഷേത്രത്തെയും പരസ്‌പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു കഥയും അതിൽ പറഞ്ഞിട്ടുണ്ട്. ശ്രീശംബര മഹർഷി തപസ്സിരിക്കുന്ന സ്ഥലത്താണ് പ്രശസ്തവും അതിപുരാതനവുമായ തൃച്ഛംബരംക്ഷേത്രമെന്ന് അനുമാനിക്കപ്പെടുന്നു. ഈ മൂന്ന് ക്ഷേത്ര ത്രങ്ങളെയും ആസ്ഥാാനമാക്കി സ്ഥാാനമാക്കികൊണ്ട് വൈദീക കേന്ദ്രങ്ങളും അന്നു ണ്ടായിരുന്നു. യജുർവേദികൾക്ക് തളിപ്പറമ്പ അമ്പലവും, ഋഗ്വേദികൾക്ക് കാഞ്ഞിരങ്ങാട്ടമ്പലവും സാമവേദികൾക്ക് തൃച്ചംബരം ക്ഷേത്രങ്ങളും സംഗമസ്ഥാനങ്ങളായിരുന്നു.
തൃച്ചംബരം ക്ഷേത്രത്തിൻ്റെ ഉല്പത്തിയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്-തൃച്ചംബരം പുരാതനകാലങ്ങളിൽ ചന്ദനമരങ്ങൾ എന്ന പേരിലായിരുന്നുഈ പ്രദേശം അറിയപ്പെട്ടിരുന്നത്. ചെമ്മരം കാട് ആണ് പിന്നീട് തൃച്ചംബരം ആയതെന്നും, ശംബരമുനിയുടെ നാമത്തിൽ നിന്നാണ് ഈ പേര് സിദ്ധിച്ചതെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. ഇവിടെ എല്ലാവർഷവും കൂഭം 22 മുതൽ മീനം 6 വരെയുള്ള 16 ദിവസങ്ങളിലാണ് ഉത്സവം നടക്കാറുള്ളത്. കുഭം 1 മുതൽ ഉത്സവചടങ്ങ് ആരംഭിക്കുകയും കുഭം22 ഓടെ കൊടിയേറ്റം നടത്തുകയും ചെയ്യുന്നു. അന്നു രാത്രി മഴൂർ ധർമ്മിക്കുളങ്ങര ക്ഷേത്രത്തിൽ നിന്ന് ശ്രീകൃഷ്‌ണ ദേവൻ്റെ ജ്യേഷ്ഠ സഹോദരനായ ബലഭദ്രരുടെ വിഗ്രഹം ആഘോഷപൂർവ്വം തൃച്ചംബരം ക്ഷേത്രത്തിലേക്ക് എഴുന്നളളിക്കുന്നു. ജ്യേഷ്‌ഠാനുജന്മാർ കൂടിച്ചേർന്ന അന്നു മുതൽ മീനം 2 വരെ പൂക്കോത്ത്‌നടയിൽ നൃത്തോത്സവം നടക്കുന്നു. നാഷണൽ ഹൈവേ 17 സ്ഥിതിചെയ്യുന്ന പൂക്കോത്ത്‌നടയിൽ വെച്ച് നടക്കുന്ന ഈ ഉത്സവം കേര ളത്തിൽ തന്നെ മറ്റെവിടെയും കാണാത്ത ഒരു കാഴ്ചയാണ്. നാനാജാതിമതസ്ഥർ പങ്കെടുക്കുന്ന ഈ മഹോത്സവം നൂറ്റാണ്ടുകളായി ഇവിടെ നിലനില്ക്കുന്ന മതസൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിന്റെയും നിദർശനമാണ്. കുംഭം27,29 തീയ്യതികളിൽ ദേവസ്ഥാനവും മീനം 1, 2തീയ്യതികളിൽ മഹോത്സവുമാണ്. ഈ ദിവസങ്ങളിൽ ഉത്സവതിമർപ്പോടെ പതിനായിരകണക്കിന് ആളുകൾ ഒത്തുചേരുന്നുണ്ട്. വിഗ്രഹത്തിടമ്പ്, മഞ്ഞവടിക്കാരുടെ അകമ്പടിയോടെ എഴുന്നള്ളിച്ച് പൂക്കോത്ത് നടയിൽ വെച്ച് നൃത്തോത്സവം നടക്കുന്നതിനെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്. പണ്ട് നിരനിരയായി ഉയർന്ന് നിന്നിരുന്നു.. ബ്രാഹ്മണ ഇല്ലങ്ങളുടെ നടുത്തളമായിരുന്നു ഇന്നത്തെ പൂക്കോത്ത് നട. ശ്രീകൃഷ്‌ണ വത്സനായിരുന്ന വൃദ്ധനായ ബ്രാഹ്മണൻ അസുഖം പിടിപ്പെട്ട് കിടപ്പിലായി ക്ഷേത്രത്തിലെ തിരുനൃത്തം കാണാനാവാതെ മനസ്സ് വിങ്ങിയ ആ കൃഷ്ണഭക്തൻ്റെ പ്രാർത്ഥന കാരണം ക്ഷേത്രത്തിൽ എഴുന്നള്ളത്ത് നടക്കുമ്പോൾ വൃദ്ധൻ കിടന്നിരുന്ന പൂക്കോത്ത് ഇല്ലത്തിൻ്റെ നടയിലേക്ക് ഓടിവന്ന് പുലരുവോളം നൃത്തമാടുകയും അങ്ങിനെ ആ ഭക്തൻ്റെ മനസ്സ് നിർവൃതികൊണ്ടുമെന്നാണ് ഐതിഹ്യം. ഇതിൻ്റെ അനുസ്‌മരണമാണ് പൂക്കോത്ത് നടയിൽ വന്ന് നൃത്തം ചെയ്യുന്നത്. പൂക്കോത്ത് ഇല്ലത്തെ ഭക്തയായ ഒരു അന്തർജ്ജനമാണ് ഇങ്ങനെ ആഗ്രഹപ്പെട്ട് ഭജിച്ചതെന്നും അഭിപ്രായമുണ്ട്. തൃച്ഛബംരത്തെ ഇലഞ്ഞി പൂക്കാത്തതിന് കാരണം ത്വക്ക് രോഗിയായ ശിവാംഗർഇലഞ്ഞിമരച്ചുവട്ടിൽ കിടന്ന സമയത്ത് ഇലഞ്ഞിക്കുരു വീണ് വേദനിച്ചപ്പോൾ മുകളിലോട്ട് നോക്കി നിൻ്റെ സമ്പത്ത് എന്നെ നോവിക്കുന്നുവെന്ന് പറഞ്ഞത്ര. അത്ഭുതമെന്ന് പറയട്ടെ ഇന്നും ഇലഞ്ഞികായ്‍ച്ചിട്ടില്ല. വില്വമംഗലത്ത് സ്വാമിയാരും ശിവാംഗരും സമകാലീനരായിരുന്നു. തൃച്ഛംബരത്തപ്പനെ ശിവാംഗർക്ക് പ്രത്യക്ഷപ്പെടുത്തിക്കൊടുത്ത വില്വമംഗലത്തിന് ദക്ഷിണാമൂർത്തിയെ ശിവാം ഗളും കാണിച്ചുകൊടുത്തത്രേ.
ശ്രീ രാജരാജേശ്വരക്ഷേത്രത്തിന്റെയും തൃച്ചംബരം ശ്രീകൃഷ്‌ണക്ഷേത്രത്തിൻ്റെയും ചുറ്റുമുള്ള പ്രദേശങ്ങളിലോ, കുപ്പം പുഴയുടെ തീരങ്ങളിലോ ആണ് ആദ്യമായി ജനവാസകേന്ദ്രം രൂപപ്പെട്ടുവെന്നാണ് അനുമതിക്കുന്നത്. ജലമാർഗ്ഗങ്ങളിലൂടെആയിരുന്നു സാധനസാമഗ്രികൾ ഒട്ടുമുക്കാലുംഈ പുരാതന പട്ടണ പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്നത്. അക്കാരണം കൊണ്ട് തന്നെ കുപ്പം പുഴയുടെ പരിസരപ്രദേശങ്ങൾ പ്രത്യേകിച്ച് മുക്കോല, തൃച്ഛംബരം പോലുള്ള പഴയ വാണിജ്യകേന്ദ്രങ്ങളായി അന്നറിയപ്പെട്ടിരുന്നു.
ആര്യവൽക്കരണത്തിൻ്റെ അധിനിവേശത്തെ അതിജീവിച്ചുകൊണ്ട് നിൽക്കുന്ന ഗ്രാമീണ സർഗ്ഗാത്മകതയും തളിപ്പറമ്പിലധിഷ്ഠിതമാണ്. നാടോടി പുരാവൃത്തങ്ങളുടെ കരുത്താണ് ഇതിനൊരു കാരണം. അധിനിവേശ കാലത്ത് കാവുകളുടെ വിത്തുകൾ പ്രതിരോധത്തിന്റെ വാഗ്മയ പാഠങ്ങളായി മാറി. അനേകം തെയ്യ പുരാവ്യത വൃത്തങ്ങൾ ,അനവധി നാട്ടുദേവതകളുടെ കഥകൾ ഇവയൊക്കൊണ്ട് സമ്പന്നമാണ് തളിപ്പറമ്പിലെ സമൂഹമനസ്സ്. കാവുകളിലെ ആരാധനാരീതികളുടെ മൂർത്തരൂപമായ തെയ്യത്തിൽ മൃഗാരാധന, വൃക്ഷാരാധന, കാരണവ പൂജ, കന്യകാരാധന, വീരപൂജ, നിണപൂജ തുടങ്ങിയ ഗോത്ര-ദ്രാവിഡ ആരാധന സമ്പ്രദായങ്ങളുടെ ഉൾചേർന്നിട്ടുണ്ട്. കുന്നൂൽകാവ്, കൊളപ്പപ്രശ്ശേരിക്കാവ്, മാനേങ്കാവ്, പൂക്കോത്ത് കൊട്ടാരം, വിക്രാനന്തപുരം ക്ഷേത്രം, വെച്ചിയോട്ട് ക്ഷേത്രം, പുതിയടത്ത് കാവ് എന്നിവിടങ്ങളിൽ കളിയാട്ടമഹോത്സവങ്ങളും നടത്തപ്പെടുന്നു.ഇങ്ങനെ ആര്യവും ആര്യേതരവുമായ രണ്ട് സാംസ്ക്കാരികധാരങ്ങളാൽ സമ്പൂഷ്ടമാണ്
തളിപ്പറമ്പ്.
പുരാതന കേരളത്തിൽ നിലനിന്നിരുന്ന 64 ഗ്രാമങ്ങളിൽ വളരെ പ്രസിദ്ധമായ പെരിഞ്ചെല്ലൂർ ഗ്രാമത്തിൽപ്പെട്ട പട്ടണമാണ് തളിപ്പറമ്പ്. തെക്ക് ഘൃതാതടിനി(വളപട്ടണംപുഴ) മുതൽ വടക്ക് കിളാനദി, ചെറുകാട്ടാറ്, കിള്ളയാട് എന്നൊക്കെ അറിയപ്പെടുന്ന കുപ്പം പുഴവരെ വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങളെയാണ് പെരിഞ്ചെല്ലൂർ ഗ്രാമമെന്ന പേരിൽ അറിയപ്പെട്ടിരുന്നത്. സാംസ്കാരികമായി ഏറ്റവും അധികം ഔന്നത്യം പ്രാപിച്ച പ്രദേശമായിരുന്നു തളിപ്പറമ്പ്. പഴയ കാലങ്ങളിൽ കലാ-സാംസ്ക്കാരിക രംഗങ്ങളിലെ അതിപ്രശസ്തരെ രാജരാജേശ്വര ക്ഷേത്രത്തിൽ ക്ഷണിച്ചുവരുത്തി കീർത്തിമുദ്രകൾ സമ്മാനിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. മറ്റിടങ്ങളിൽ നിന്ന് ലഭിച്ച കീർത്തിമുദ്രകൾ അഴിച്ചുവെച്ചാണ് കലാകാരന്മാർ രാജരാജേശ്വര സന്നിധിയിൽ നിന്ന് കീർത്തി മുദ്രകൾസ്വീകരിച്ചിരുന്നത്. അതേ സമയം ഇവിടെ നിന്ന് സമ്മാനിക്കപ്പെടുന്ന കീർത്തിമുദ്രകൾ മറ്റാരുടെ മുമ്പിലും അഴിച്ചുമാറ്റപ്പെടേണ്ടിയിരുന്നില്ല. അത്രയും പ്രശസ്തവും വിലമതിക്കാനാവാത്ത തുമായിരുന്നു. ഇവിടെ നിന്ന് സമ്മാനിച്ചിരുന്ന പുരസ്ക്‌കാരങ്ങൾ. കലാ-സാംസ്ക്‌കാരിക രംഗത്ത് തളിപ്പറമ്പിലുണ്ടായിരുന്ന പ്രാധാന്യത്തെയാണിത് സൂചിപ്പിക്കുന്നത്.
അമൂല്യങ്ങളായ വളരെയേറെ താളിയോലഗ്രന്ഥങ്ങൾ തളിപ്പറമ്പ് ഭാഗത്തുള്ള പഴയകാല നമ്പൂതിരി ഇല്ലങ്ങളിൽ ഇപ്പോഴും അവശേഷിച്ചിരിപ്പുണ്ടെങ്കിലും അവയെല്ലാം നാശോന്മുഖമായിത്തീ രുന്ന നിലയിലാണുളളത്. ചെല്ലൂർ നാഥോദയം ചമ്പു രചിക്കപ്പെട്ടത് തളിപ്പറമ്പ് മേഖലയിൽ നിന്നാണ്.
തളിപ്പറമ്പിലെ ജനസംഖ്യയിൽ ഒരു പ്രധാനവിഭാഗമാണ് മുസ്ലീമുകൾ. അമ്പലങ്ങളും മസ്‌ജിദുകളും കൃസ്‌തീയദേവാലയങ്ങളും സമ്മേളിച്ചു നിൽക്കുന്ന സൗഹൃദാന്തരീക്ഷമാണ് ഇവിടെ എന്നും ഉണ്ടായിരുന്നത്. കേരളത്തിൽ പല സ്ഥലങ്ങളിലും മതസ്‌പർദ്ധകൾ നിലനിന്നിരുന്ന കാലത്തുപോലും ഏറ്റവും അധികം മതസൗഹാർദ്ദത്തിൻ്റെ ഉദാത്ത മാതൃക ഉയർത്തിപ്പിടിച്ച പ്രദേശവുമാണിത്. 12 നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇസ്ലാമിൻ്റെ പ്രവേശനം കേരളത്തിൻ്റെ പല പ്രമുഖ തീരപ്രദേശങ്ങളിലും നടന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാലിക് ഇബ്നു ദീനാറിൻറെയും അനുയായികളുടെയും രംഗപ്രവേശം പുതിയൊരു സംസ്ക്കാരത്തിന് കേരളത്തിൻ്റെ തീരപ്രദേശങ്ങളിൽ കവാടം തുറന്ന് കൊടുക്കുകയായിരുന്നു.
ഇതേകാലഘട്ടത്തിൽ തന്നെയാണ് അന്ന് തളിപ്പറമ്പ് വാണിരുന്ന ഹിന്ദു പ്രമാണിമാർ ധർമ്മടത്ത് നിന്നും കുടുംബങ്ങളെ തളിപ്പറമ്പിലേക്ക് ക്ഷണിച്ചു വരുത്തിയത്. തുടർന്ന് അവർക്ക് ഇവിടെ താമ സിക്കുവാനും ആരാധനകൾ നടത്തുവാനും വാണിജ്യത്തിലേർപ്പെടാനും സൗകര്യങ്ങൾ ചെയ്‌തുകൊടുക്കുകയും ചെയ്തതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. വലിയ മന്നയിലാണ് ശ്മശാനത്തിന് സൗകര്യം ചെയ്‌തുകൊടുത്തത്. മന്നയിൽ ഇന്നും നിലനിൽക്കുന്ന പ്രസിദ്ധമായ മഖാമും ചുറ്റുമുള്ള പ്രദേശങ്ങളുമായിരിക്കാം അന്ന് ക്ഷണിച്ചുവരുത്തി താമസിച്ച നാല് കുടുംബാംഗങ്ങൾ താമസിച്ച സ്ഥലമെന്ന് അനുമാനിക്കുന്നു. മഖാമിൻ്റെ വലതുഭാഗത്ത് ഇന്നും നിലനിൽക്കുന്ന തകർന്ന് അടിഞ്ഞ പളളിത്തറയുടെ അവശിഷ്ടങ്ങളും മണ്ണിടിഞ്ഞ് നിവർന്ന് കഴിഞ്ഞ കുളത്തിന്റെ ഭാഗങ്ങളും കൂറെ പഴയ ഖമ്പറുകളും നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവ ഇവിടെ ആവിർഭവിച്ച മുസ്ലിം ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്നു.
തളിപ്പറമ്പിലെ പ്രസിദ്ധമായ ജുമാഅത്ത്‌പളളി മുമ്പ് മൂന്ന് തവണ പുനർനിർമ്മാണം നടത്തിയതിന് ശേഷമാണ് ഇന്ന് കാണുന്ന രൂപത്തിൽ നാം കാണുന്നത്. ഇന്നത്തെ രീതിയിലുള്ള നിർമ്മിതിയെക്കുറിച്ചുള്ള ചരിത്രം അറിയുന്നവരുംവിരളമാണ്. പള്ളി നിർമ്മിതിക്ക് ആവശ്യമായ എല്ലാ ഒത്താശകളും അന്നത്തെ നാടുവാഴികളിൽ ഉണ്ടായിരുന്നെന്ന് കരുതപ്പെടുന്നു.
ഏതാണ്ട് 500 വർഷങ്ങൾക്ക് മുമ്പ് യമാനിലെ ഹളർമൗത്ത് എന്ന സ്ഥലത്ത് നിന്നും ഇവിടെ വന്ന് താമസിച്ച മഹാനായിരുന്നു സെയ്ദ് അലി എന്ന വലിയ സെയ്‌താലിതങ്ങൾ മുഹമ്മദ് നബി യുടെ 30-ാമത്തെ പരമ്പരയിൽപ്പെടുന്ന ഈ മഹാനാണ് തങ്ങൾപള്ളി എന്ന നാമത്തിൽ അറിയപ്പെടുന്ന മസ്‌ജിദുമായി ഹള്റമിയ്യ എന്ന പള്ളി നിർമ്മിച്ചത്. തുടക്കത്തിൽ ചെറിയ സ്രാമ്പിയായിട്ടായിരുന്നു പളളിയുടെ നിർമ്മിതി. മൂന്ന് തവണ പുനർ നിർമ്മാണം നടത്തിയ ശേഷമാണ് ഇന്ന് കാണുന്ന മസ്ജിദ്.
മുസ്ലീം സമൂഹം മലബാറിൽ സ്ഥാപിതമായതോടെ മതവിദ്യാഭ്യാസ പ്രവർത്തനങ്ങളും തുടങ്ങിയത്. ഏകാദ്ധ്യാപകൻ്റെ കീഴിലുള്ള ഓത്തുപള്ളികളായിരുന്നു മദ്രസ്സകളുടെ ആദ്യരൂപം. 1917 വരെ തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ഈ മതവിദ്യാഭ്യാസസമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. 1917ൽ കണ്ണൂർ അജ്‌ദനൂർ ഉലൂം മദ്രസാ മാനേജർ ജനാബ് എ.ഇൻ. കോയക്കുഞ്ഞ് സാഹിബും മറ്റും മുൻകൈയ്യെടുത്താണ് ഖുവ്വത്തുൽ ഇസ്ലാം അറബി മദ്രസ സ്ഥാപിച്ചത്.പൊന്നാനിയിലെ ബഹു: സൈനുദ്ദീൻ മഖ്‌ദും തങ്ങൾ അവർകളാണ് ഉദ്ഘാടനം ചെയ്തത്. ഈ മദ്രസകളുടെ രൂപീകരണത്തോടെ ഓത്തുപള്ളി സമ്പ്രദായത്തിൽ മാറ്റം വന്നു.
തളിപ്പറമ്പിലെ മറ്റൊരു പ്രമുഖ ജനവിഭാഗമായി ക്രിസ്‌തീയ സമൂഹം. മലബാറിലേക്ക് തിരുവിതാംകൂറിൽ നിന്നും ക്രീസ്‌തീയ സഹോദരങ്ങൾ കൂടിയേറി താമസം ആരംഭിക്കുന്നതിന് വളരെ മുമ്പ് തന്നെ ഇവിടെ ജനവിഭാഗം താമസിച്ചു വരുന്നുണ്ട്. വളരെ പഴക്കമേറിയ തൃച്ചംബരത്തെ ക്രിസ്‌തീയ (സെൻ്റ് പോൾ ചർച്ച്)ദേവാലയം ഇതിന് തെളിവുമാണ്. ഇപ്പോൾ പുഷ്പഗിരിയിലും കോർട്ട് പരിസരത്തും ക്രിസ്‌തീയ ദേവാലയങ്ങൾ ഉണ്ട്. പ്രധാനമായും കച്ചവടത്തിലും ഉദ്യോഗത്തിലുമാണ് ഇവരിൽ അധികപേരും ഏർപ്പെട്ടിരിക്കുന്നത്. മറ്റ് സമുദായങ്ങളോടൊപ്പം മതസൗഹാർദ്ദവും ശാന്തിയും നിലനിലക്കുന്നതിന് പ്രതിജ്ഞാബദ്ധരാണ് ഇവരും.
നൂറ്റാണ്ടുകൾ നിലനിൽക്കുന്ന വിവിധ മതങ്ങളുടെ സാഹോദര്യവും സഹകരണസമീപനവും ഉത്തമമായ സംസ്‌കാരങ്ങളുടെ വളർച്ചയ്ക്ക് ഇവിടെ അടിത്തറയുറപ്പിച്ചു തലമുറകൾ പൈത്യകമായി കാത്ത് സൂക്ഷിച്ചിരുന്ന സംസ്ക്കാരികത്തനിമ അണയാതെ സംരക്ഷിക്കുകയെന്നതാണ് നമ്മുടെ കാലികമായ ബാധ്യത.
1955 ലാണ് തളിപ്പറമ്പ് പഞ്ചായത്ത് രൂപീകൃതമായത്. പ്രഥമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി. ബാലകൃഷ്‌ണമേനോനും, വൈസ് പ്രസിഡണ്ട് ജനാബ് കെ.എസ് മമ്മുസാഹിബായിരുന്നു. പിന്നീട് ഇന്നത്തെ പട്ടുവം പഞ്ചായത്തുകൂടി ഉൾപ്പെടുത്തിക്കൊണ്ട് 1962 ൽ തളിപ്പറമ്പ് പഞ്ചായത്ത് വിപുലീകരിച്ചു. തുടർന്നു വന്ന പഞ്ചായത്തിൽ ശ്രീ.എ.കെ. പൊതുവാൾ പ്രസിഡണ്ടും ജനാബ് കെ.പി അബ്‌ദുസാഹിബ് വൈസ് പ്രസിഡണ്ടുമായിരുന്നു. 1975 ൽ പട്ടുവം പ്രദേശം വേർപ്പെടുത്തി തളിപ്പറമ്പ് പഞ്ചായത്ത് പ്രത്യേകമായി നിലവിൽ വന്നു.
1979 ൽ ജനാബ് എസ്.മൊയ്‌തുഹാജി പ്രസിഡണ്ടും ശ്രീ.കെ.വി കണ്ണൻ വൈസ് പ്രസിഡണ്ടുമായിരുന്നു. 1988 ൽ ജനാബ് കെ.വി മുഹമ്മദ് കുഞ്ഞി പ്രസിഡണ്ടും, ശ്രീ.പി.വി.ബാലകൃഷ്ണൻ നായർ വൈസ് പ്രസിഡണ്ടുമായിരുന്നു. 1990 ൽ ആന്തൂർ പഞ്ചായത്ത് തളിപ്പറമ്പ് പഞ്ചായത്തുമായി ചേർത്ത് തളിപ്പറമ്പ നഗരസഭ നിലവിൽ വന്നു. 1993 ആന്തൂർ പഞ്ചായത്ത് പ്രദേശം വർപ്പെടുത്തി തളിപ്പറമ്പ് വില്ലേജ് മാത്രമടങ്ങുന്ന ഇന്നത്തെ നഗരസഭ രൂപപ്പെട്ടു. 1990 മുതൽ 1995 സെപ്തംബർ വരെ സ്പെഷൽ ഓഫീസർ ഭരണത്തിലായിരുന്നു നഗരസഭ. 1995 ഒക്ടോബർ മുതൽ ജനകീയ ഭരണസമിതി നിലവിൽവന്നു. മുസ്ലീംലീഗിലെ ശ്രീ.എം.എ സത്താർ, ശ്രീ. കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ ചെയർമാന്മാരായിരുന്നു. 2015 നവംബറിൽ ദേശത്തെ തളിപ്പറമ്പ് നഗരസഭയിൽ നിന്നും വേർപ്പെടുത്തി. ആന്തൂർ മുനിസിപ്പാലിറ്റി നിലവിൽ വന്നു.